ബാപ്പു ഉസ്താദ് മരിക്കാത്ത ഓര്‍മ്മകള്‍

അങ്ങനെ ആ വിളക്കും അണഞ്ഞു. ഓരോ കാലത്തും അല്ലാഹുവിന്‍റെ പന്ഥാവിലേക്ക് വെട്ടം കാട്ടിത്തരുന്ന വിളക്കുമാടങ്ങളെ അല്ലാഹു തന്നെ സംവിധാനിക്കാറുണ്ട്. അത്തരത്തിലെ വിളക്കുമാടങ്ങളിലൊന്നായിരുന്നു ശൈഖുനാ കോട്ടുമല ബാപ്പു ഉസ്താദ്. കേരളീയ മുസ്ലിം ഉമ്മത്തിന്‍റെ സാംഘിക നന്മ സമസ്തയുടെ സാരഥിയായും നിരവധി സ്ഥാപനങ്ങളുടെ ഉത്തരാധികാരിയായും അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ സമൂഹം ഏറ്റുവാങ്ങി. പാരമ്പര്യത്തിന്‍റെ പ്രൗഢിയും ആദ്ധ്യാത്മികതയുടെ പെരുമയും ഇഴകിച്ചേര്‍ന്ന ആ ജന്മ സുകൃതത്തില്‍ എളിമ കെടാതെ സൂക്ഷിക്കാനായതാണ് ആ പണ്ഡിത വരേണ്യരെ സ്മര്യനാക്കുന്നത്. സമസ്തയുടെ ചരിത്രത്തിലെ അപൂര്‍വ്വം സര്‍വ്വ കലാ പ്രയോക്താക്കളിലൊരാളായി അദ്ദേഹത്തെ ചരിത്രം ഇനി വായിക്കും. തീര്‍ത്തും സാധാരണമായ കാര്യങ്ങളിലും അസാധാരണ മികവ് അദ്ദേഹത്തില്‍ പ്രകടമായിരുന്നു. ഇടപെടലുകള്‍ നേതൃ പ്രതിഷ്ടയുടെ മാനദണ്ഡമാകുന്നിടത്ത് ഇടപെടലുകളെ സന്ദര്‍ഭോചിതമാക്കി സേവനങ്ങള്‍ ആത്മാര്‍ത്ഥതയുടെ സ്വാഭാവികമായ പുറം തള്ളാക്കാനായത് ആ ജീവിതത്തില്‍ വായിക്കാവുന്നതാണ്. അടിയന്തര പ്രധാന വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ പ്രസക്തമാകുന്നതും ഇത്തരത്തിലാണ്. ഉത്തരവാദിത്തങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നിറവേറ്റുന്നിടത്ത് അദ്ദേഹത്തിന്‍റെ പാടവം അപാരമായിരുന്നു. അദ്ദേഹത്തിന്‍റെ ഈ ഉത്തരവാദിത്ത ബോധം സമസ്തയുടെയും അദ്ദേഹമിടപെട്ട മറ്റിടങ്ങളിലെയും വളര്‍ച്ചയില്‍ പ്രകടമായി തന്നെ കാണാവുന്നതാണ്. നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. നിങ്ങളോരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങളെ പറ്റി ചോദ്യം ചെയ്യപ്പെടുന്നവരുമാണെന്ന നബി വചനത്തിന്‍റെ പൊരുളാണ് അദ്ദേഹത്തിന്‍റെ സാമൂഹ്യ ജീവിതത്തിലുടനീളം ദര്‍ശിക്കാനാവുക. ഉത്തരനവാദിത്ത നിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സൗമ്യനായ നേതൃ സാന്നിധ്യമാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ മുസ്ലിം കൈരളിക്ക് നഷ്ടമായത്. പാണ്ഡിത്യത്തിന്‍റെ കേരളീയ സുകൃതം കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെയും വിശ്രുത പണ്ഡിതന്‍ കോമു മുസ്ലിയാരുടെ അരുമ സന്തതി ഫാത്തിമ ഹജ്ജുമ്മയുടെയും പുത്രനായി 1952 ഫെബ്രുവരി 10 ന് ജനിച്ച അദ്ദേഹത്തിന് ആത്മ ജ്ഞാനത്തിന്‍റെ ഉന്നതങ്ങളില്‍ വിരാജിച്ച ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ പുത്രിയെ വരിക്കാന്‍ സുയോഗം ലഭിച്ചത് അദ്ദേഹത്തിന്‍റ ഔന്നത്യത്തിന്‍റെ സാക്ഷിയാണ്. ബാപ്പു ഉസ്താദ് മതകീയമായി ഉത്തമ സാഹചര്യത്തിലേക്ക് പിറന്ന് വീണതിന്‍റെ ഗുണഭോക്താക്കളായത് മുസ്ലിം കൈരളിയാണ്. പതിനൊന്നാം വയസ്സില്‍ തന്നെ പിതാവിനൊപ്പം ജാമിഅഃയില്‍ പഠിക്കാന്‍ അവസരം ലഭിച്ച ഉസ്താദ് കെ.കെ ഹസ്രത്തിന്‍റെയും ശംസുല്‍ ഉലമയുടെയും പരിലാളനയേറ്റാണ് അറിവിന്‍റെ ആദ്യ വാതായനങ്ങള്‍ കടന്നുപോയത്. ഓരോസബക്കുകളും തല്‍സമയം തന്നെ മനഃപാഠമാക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്‍റേത്. ജാമിഅഃ യില്‍ നിന്ന് സ്ഥലം മാറി പൊട്ടിച്ചിറ അന്‍വരിയ്യയിലെത്തിയ കെ.കെ ഹസ്രത്തിനൊപ്പം രണ്ട് വര്‍ഷം പഠിച്ച് വീണ്ടും ജാമിഅഃയിലെത്തി 7ാം ക്ലാസില്‍ ചേര്‍ന്നു. 1975 ല്‍ ഫൈസി ബിരുദം നേടി. അക്കാലത്തെ സംവാദ സദസ്സുകളിലെ സമര്‍ത്ഥ സാന്നിധ്യമായിരുന്ന ഇ.കെ ഹസന്‍ മുസ്ലിയാരുടെ കൂടെ നിരവധി ഖണ്ഢനാ സദസ്സുകളില്‍ പങ്കെടുത്തതിന്‍റെ അനുഭവം ശൈഖുനായിലെ ആദര്‍ശത്തെ ഉണര്‍ത്തി. പിന്നീട് ശൈഖുനാ സംവാദ സദസ്സുകളില്‍ സ്ഥിരസാന്നിധ്യമാവുകയായിരുന്നു. ആദര്‍ശ വൈപരീത്യങ്ങള്‍ക്കെതിരില്‍ പോരാടിയ യുവത്വത്തിലൂടെ കടന്നു വന്ന ശേഷമാണ് അദ്ദേഹത്തിന് സമസ്തയുടെ നേതൃനിരയിലേക്ക് കടന്നുവരാന്‍ അവസരമൊരുങ്ങിയത്. പലയിടങ്ങളിലായി ദര്‍സ് നടത്തിയ ശേഷം പിതാവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് നന്തി ദാറുസ്സലാമിലും തുടര്‍ന്ന് കടമേരി റഹ്മാനിയ്യയിലും അദ്ദേഹം സേവന നിരതനായി. ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം ലൗകിക വിദ്യാഭ്യാസവും നല്‍കുകയെന്ന ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെയും എം.എം ബഷീര്‍ മിസ്ലിയാരുടെയും സ്വപ്നങ്ങളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാക്ഷാത്ക്കരിക്കുകയെന്നതായിരുന്നു കടമേരിയില്‍ അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നത്. ഉഖ്ലൈദിസ്, തശ്രീഹുല്‍ അഫ്ലാക്ക്, തുഹ്ഫത്തുല്‍ മുഹ്താജ്, ജംഉല്‍ ജവാമിഅ് പോലുളള കനപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ധ്യാപനം നടത്തിക്കൊടുക്കുന്നതിലുപരി റഹ്മാനിയ്യയുടെ സാമ്പത്തിക വളര്‍ച്ചയിലും അദ്ദേഹത്തിന് അനല്‍പമായ ഭാഗധേയത്വമുണ്ട്. 5 സെന്‍റ് സ്ഥലത്തെ ചളിപ്പാടത്തു നിന്ന് റഹ്മാനിയ്യയെ 20 ഏക്കറില്‍ പരന്നു കിടക്കുന്ന വിശാല കാമ്പസാക്കി മാറ്റിയത് അദ്ദേഹത്തിലെ ഊര്‍ജസ്വലനാണ്. ഗള്‍ഫ് നാടുകളില്‍ ഓടിനടന്ന് റഹ്മാനിയ്യയുടെ സാമ്പത്തിക സുസ്ഥിരതക്ക് വേണ്ടി ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതിലപ്പുറം അദ്ദേഹം ചെയ്തു തീര്‍ത്തു. അറബിക് കോളേജില്‍ നിന്ന് റഹ്മാനിയ്യയെ ബോര്‍ഡിംഗ് മദ്രസ, പബ്ലിക് സ്കൂള്‍, ഹൈയ്യര്‍ സെക്കണ്ടറി സ്കൂള്‍, വനിതാ കോളേജ്, അഗതി വിദ്യാ കേന്ദ്രം അടങ്ങിയ കാമ്പസാക്കിയത് അദ്ദേഹത്തിന്‍റെ ശ്രമ ഫലമാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ബുദ്ധിപൂര്‍വ്വം സ്ഥാപനത്തെ മുന്നോട്ട് നയിച്ച് അദ്ദേഹം സ്ഥാപനത്തിന്‍റെ നെടുംതൂണായി നിന്നു. സ്ഥാപനത്തിന്‍റെ സ്ഥിരവരുമാന മാര്‍ഗങ്ങളായ കോഴിക്കോട് മുഗള്‍ ബിള്‍ഡിംഗ്, പൂന്‍ചോല എസ്റ്റേറ്റ് തുടങ്ങിയവ വാങ്ങാനായത് അദ്ദേഹം മുന്‍കൈയ്യെടുത്തതിനാലാണ്. എറണാകുളത്തെ വല്ലാര്‍പ്പാടത്ത് വേര്‍ഹൗസ് സ്ഥാപിക്കാനും അദ്ദേഹമാണ് മുന്നിട്ടിറങ്ങിയത്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിതൃ തുല്യവാല്‍സല്ല്യം നല്‍കിയ സ്നേഹാധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വൈശമ്യ ഘട്ടങ്ങളില്‍ ആശ്വാസം കണ്ടെത്തിയിരുന്നത് അദ്ദേഹത്തിലാണ്. പരിഭവവുമായെത്തുന്നവര്‍ക്ക് ആ സുസ്മേര വദനം തന്നെ പരിഹാരമായിരുന്നു. വ്യക്തി വിശേഷങ്ങളിലൂടെ അദ്ദേഹത്തെ വായിക്കുമ്പോള്‍ അല്‍ഭുതമാണ് തോന്നുക. ലാളിത്യത്തിന്‍റെ വഴിഞ്ഞൊഴുകുന്ന പുഴയും പാണ്ഢിത്യത്തിന്‍റെ കവിഞ്ഞൊഴുകുന്ന നദിയും സംഗമിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വം പൂര്‍ണ്ണമാകുന്നത്. ലാളിത്യവും പാണ്ഡിത്യവും പരസ്പര പൂരകങ്ങളെന്ന് ജീവിതം കൊണ്ട് കാണിച്ച് തന്ന ശൈഖുനാ ഊര്‍ജസ്വലതയും ചടുലതയും കൂടെക്കൂട്ടി. അവസരങ്ങള്‍ക്കൊത്ത് ആദര്‍ശത്തെ പണയം വയ്ക്കുന്നവരുടെ കാലത്ത് ആദര്‍ശത്തെ പരിചയാക്കിയ ആദര്‍ശ ധീരനാണദ്ദേഹം. വിഭിന്ന ആദര്‍ശാനുയായികളുമായി അഭമുഖീകരിക്കേണ്ടി വന്നെങ്കിലും അതൊന്നും ശൈഖുനായുടെ ആദര്‍ശത്തെ തളര്‍ത്തിയില്ല. അദ്ദേഹത്തിന്‍റെ ഈ ഗുണങ്ങളാണ് ശംസുല്‍ ഉലമക്ക് ശേഷം സമസ്തയെ ഇത്രത്തോളം ജനകീയമാക്കിയ മറ്റൊരു ആദര്‍ശ ധൈഷണിക പണ്ഢിതനുണ്ടായിരുന്നില്ലെന്ന വാക്ക്യത്തെ സാധൂകരിക്കുന്നത്. ഏര്‍പ്പെടുന്ന കാര്യങ്ങളൊക്കെ സമ്പൂര്‍ണ്ണമാകണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തില്‍ കാണാമായിരുന്നു. അദ്ധ്യാപനത്തിലും സേവനത്തിലും അത് പ്രത്യേകം പ്രകടമായിരുന്നു. പഴുതുകളെ നിസ്സേഷം അവശേഷിപ്പിക്കാതെ കാര്യങ്ങളെ നേരിടുകയെന്നതാണ് അദ്ദേഹത്തിന്‍റെ സ്വതശിദ്ധമായ ശൈലി. അഭിമുഖീകരിക്കുന്നവന്‍റെ നിലക്കനുസരിച്ച് പെരുമാറി അവര്‍ക്ക് വേണ്ടതൊക്കെ ചെയ്യാന്‍ അദ്ദേഹത്തിനായി. ഇത്തരത്തിലാണ് അദ്ദേഹത്തിലെ നായകന്‍ ഉണരുന്നതും പ്രവര്‍ത്തിക്കുന്നതും. ഒരു നേതാവിനുണ്ടാകേണ്ട മുഴുവനും മേളിച്ച അദ്ദേഹം ഉത്തരവാദപ്പെട്ട കാര്യങ്ങളെ വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് വിധേയമാക്കി പുതിയ കാലത്തോടൊപ്പം ഇണങ്ങിച്ചേരാന്‍ പാകമാക്കി. സമസ്തയുടെ 70-ാം വാര്‍ഷികം വന്‍ വിജയമാക്കുന്നതില്‍ ശൈഖുനയുടെ ഭാഗദേയം തെളിഞ്ഞ് കാണുന്നു. ശംസുല്‍ ഉലമയുടെ ജീവിത കാലത്താണത്. വിവിധ മേഖലകളിലായി നടത്തപ്പെട്ട 75-ാം വാര്‍ഷികത്തിന്‍റെ വിജയത്തിലും അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് കാണാവുന്നതാണ്. മലപ്പുറം കൂരിയാട് നടന്ന 85ാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ വിജയശില്‍പ്പിയും അദ്ദേഹം തന്നെ. വീഴ്ചകളെ അതാതു സമയത്ത് കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് അദ്ദേഹത്തിന്‍റെ പതിവ്. കൂരിയാട് സമ്മേളന നഗരിക്കടുത്തായി വളര്‍ന്ന് നിന്നിരുന്ന പൂളത്തോട്ടം ജന ബാഹുല്ല്യം മൂലം നശിച്ച് പോകുമെന്ന് മനസ്സിലാക്കി അദ്ദേഹം സമ്മേളനത്തിന് മുമ്പായി സ്ഥലയുടമയെ കണ്ട് ആ സ്ഥലം വിലക്ക് വാങ്ങുകയായിരുന്നു. 90ാം വാര്‍ഷികം ആലപ്പുഴയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായപ്പോള്‍ ഒരു തെക്കന്‍ ജില്ലയില്‍ സമസ്തയുടെ വാര്‍ഷികം വിജയിക്കുന്നതില്‍ എല്ലാവരും ആശങ്കപ്പെട്ടിരിക്കെ എല്ലാം ഭംഗിയായി നടത്താനായത് അദ്ദേഹത്തിന്‍റെ നേതൃപാടവം ഒന്ന് കൊണ്ട് മാത്രമാണ്. ആ കടല്‍ തീര സമ്മേളന നഗരിയില്‍ ആവശ്യത്തിന് വെളളമെത്തിക്കാനുള്ള മാര്‍ഗങ്ങളൊക്കെ നിര്‍ദ്ദേശിച്ച് നടപ്പിലാക്കിയതും അദ്ദേഹമാണ്. മുസ്ലിംകള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ വിവാഹ പ്രായം വിഷയം വന്നപ്പോള്‍ സമുദായത്തിന് വേണ്ടി ശബ്ദിച്ചത് അദ്ദേഹമാണ്. ശരീഅത്ത് വിവാദ സമയത്തും സമസ്തയുടെ പക്ഷത്തു നിന്ന് ധീര നിലപാടെടുത്തത് അദ്ദേഹത്തിന്‍റെ മനഃകരുത്തിന്‍റെ പ്രേരണയാണ്. ശാരീരികാസ്വസ്ഥ്യം മൂലം ആശുപത്രിയില്‍ രണ്ട് ദിവസത്തോളം കഴിയേണ്ടി വന്ന ശൈഖുനാ മലപ്പുറം ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണാ ജാഥയില്‍ പങ്കെടുക്കാനായി മാത്രം ഡിസ്ചാര്‍ജ് ചെയ്ത് നേരിട്ട് ജാഥയിലേക്കെത്തിയ സംഭവം മറക്കാനായിട്ടില്ല. നേരിട്ട് വേദിയിലെത്താമായിരുന്നെങ്കിലും ജാഥ തുടങ്ങുന്ന കുന്നുമ്മലില്‍ നിന്ന് ജാഥയില്‍ ചേര്‍ന്ന് കാല്‍നടയായി തന്നെ 2.5 കി.മീ. നടന്ന് സുന്നിമഹല്‍ പരിസരത്തെത്തിച്ചേര്‍ന്നത് അദ്ദേഹം സമസ്തയെയും സമുദായത്തെയും എത്രമാത്രം സ്നേഹിച്ചുവെന്നതിന് തെളിവാണ്. സമസ്തയുടെ മുന്നിലെത്തുന്ന സങ്കീര്‍ണ്ണമായ മസ്അലകള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ഫത്വാ കമ്മിറ്റി കണ്‍വീണര്‍, റഹ്മാനിയ്യയില്‍ ഇബാറത്തുകളെ ഹല്ലഴിച്ചു നല്‍കുന്ന തികഞ്ഞ അധ്യാപകന്‍, സുപ്രഭാതം ഓഫീസിലാവുമ്പോള്‍ പത്രാധിപ മേഖലയിലെ അനുഭവ ജ്ഞാനികളെ തന്‍റെ ആജ്ഞാ ശക്തി കൊണ്ട് നിയന്ത്രിക്കുന്ന ചെയര്‍മാന്‍, എം.ഇ.എ ഇന്‍ജിനിയറിങ്ങ് കോളേജിലെത്തുമ്പോള്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന വഴികാട്ടി, ഹജ്ജ് ക്യാമ്പിലെത്തിയാല്‍ അല്ലാഹുവിന്‍റെ അതിഥികളായ ഹജ്ജാജുകളെ യാത്രയാക്കുന്ന സഹൃദയന്‍, അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്യാനെത്തുന്ന സന്നദ്ധ സേവകന്‍... എല്ലാ തുറകളിലും ആ മനുഷ്യന്‍ സമ്പൂര്‍ണ്ണനായിരുന്നു. ആ ജീവിതം തന്നെ കാലത്തിന്‍റെ സമസ്യകള്‍ക്ക് പൂരണമായിരുന്നു. സങ്കുചിതത്വത്തിന്‍റെ ഓരത്തു നിന്ന് പുതുമയുടെ വിശാലതയിലേക്ക് സുപ്രഭാതങ്ങളെ വെട്ടിത്തന്നു അവര്‍... മുന്നിലുള്ള അനന്ത ഭീതീതമായ ഭാവിക്ക് മന്ദസ്മിതം കൊണ്ട് ആത്മവിശ്വാസം നിറച്ചു തന്നു അവിടന്ന്.... ആത്മപിതാവേ.., ഈ ശൂന്യതയില്‍ നമ്മളറിയുന്നു അങ്ങയുടെ സാന്നിധ്യം. അങ്ങയുടെ അസാന്നിധ്യത്തില്‍ അറിയാതെ സന്നിധമായ ഉള്‍വേദനയാണ് ആ സാന്നിധ്യത്തിന്‍റെ വില നിര്‍ണ്ണയിച്ചു തന്നത്. അല്ല, നിര്‍ണ്ണയമില്ലാത്ത അനന്തമാക്കിയത്. ഇല്ല, അങ്ങ് ചൊരിഞ്ഞു തന്ന വെളിച്ചം കാലാന്തരത്തിലും കത്തിജ്വലിക്കും. അത് ഋതു ഭേധങ്ങളെ ഭേധിക്കും. ഇനി അതിലാണ് ആശ്വാസം. ആ റബീഉല്‍ ആഖിര്‍ 11 ഒന്നിന്‍റെയും പര്യവസാനമായിരുന്നില്ല, തുടര്‍ച്ചക്കുള്ളതായിരുന്നുവെന്നറിയാം. അങ്ങയുടെ ആത്മീയ തണലിലാണ് ഇനി നമ്മുടെ അഭയം. പിതാവിന്‍റെയും മാതാമഹന്‍റെയും ഓരം പറ്റി, തിരക്കിന്‍റെ കറക്കമില്ലാത്ത ലോകത്ത്... സുകൃതങ്ങള്‍ ഫലവര്‍ഷമാകുന്നിടത്ത് ധന്യമാകട്ടെ ജീവിതം. അല്ലാഹുവേ.., പോരായ്മകള്‍ വല്ലതുമുണ്ടെങ്കില്‍ പൊറുത്തു കൊടുക്കണമേ... മുത്ത് നബിക്കൊപ്പം അവരെയും നമ്മെയും നീ ഫിര്‍ദൗസില്‍ ഒത്തു കൂട്ടണേ... ആമീന്‍. (അൽ ബഹ്ജ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)@ എം.എം.ഹാശിം സാല്‍മറ

Comments

Post a Comment